Home | About us | Website Reviews | Blog Reviews | Submit A Review | Contact us
     
 
മഷിത്തണ്ട് - ഓണ്‍ലൈന്‍ മലയാളം നിഘണ്ടു

 

മലയാളത്തിന് ഇന്റര്‍നെറ്റിലൊരു സൌജന്യ ഓണ്‍ലൈന്‍ നിഘണ്ടു. മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം എന്നീ രീതികളില്‍ ലഭ്യമായ നിഘണ്ടുവില്‍ ഇപ്പോള്‍ അറുപത്തൊന്നായിരം മലയാളം പദങ്ങളും ഇരുപത്തേഴായിരം ഇംഗ്ലീഷ് പദങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ് മലയാളം യൂണികോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. മാതൃഭാഷക്ക് വേണ്ടി നെറ്റില്‍ എന്തെങ്കലുമൊക്കെ ചെയ്യണമെന്ന താല്‍പര്യമാണ് ലാഭേഛയില്ലാത്ത ഈ പ്രവര്‍ത്തനത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇതിന്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന ജോജു ജോണ്‍ പറയുന്നു. നെറ്റിലെ മലയാളം ഉപയോഗം വര്‍ദ്ധിപ്പിക്കലും സൈറ്റ് ലക്ഷ്യമാക്കുന്നു. ഇരുപതിനായിരത്തോളം പദങ്ങള്‍ ഇവര്‍ തന്നെ കൂട്ടിച്ചേര്‍ത്ത് നെറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് തുടക്കം. സൈറ്റിന് സന്ദര്‍ശകര്‍ കൂടി വന്നപ്പോള്‍ ആവശ്യങ്ങളും വര്‍ദ്ധിച്ചു. തുടര്‍ന്ന് ഉപയോക്താക്കള്‍ തന്നെ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തു നിഘണ്ടു വിപുലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രണ്ടായിരത്തഞ്ഞൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ മഷിത്തണ്ടിലേക്ക് പദങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിഘണ്ടു ഓണ്‍ലൈനായി മാത്രമേ ലഭ്യമാകൂ. ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയില്ല.

മലയാളത്തിന് ഓണ്‍ലൈന്‍ സ്പെല്‍ചെക്കറും ട്രാന്‍സ്ലേഷന്‍ സോഫ്റ്റ്വെയറും ക്രമപ്രകാരം അണിയറയില്‍ പുരോഗമിച്ചുവരികയാണ്. എട്ട് ലക്ഷം വാക്കുകളടങ്ങിയ പദശേഖരം നിര്‍മ്മിക്കാനാവുമെന്നാണ് പ്രതീക്ഷ. നിഘണ്ടുവില്‍ 'സാമ്യമുള്ള പദങ്ങള്‍' ഇപ്പോള്‍ തന്നെ പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്. ഇത് വികസിപ്പിക്കുന്നതോടെ സ്പെല്‍ ചെക്കര്‍ സംവിധാനമെന്ന ലക്ഷ്യം നേടാനാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സമ്പൂര്‍ണമായൊരു പദപ്രശ്ന കളരിയും മഷിത്തണ്ടിലൊരുക്കിയിരിക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലും വലിപ്പത്തിലുമുള്ള പദപ്രശ്നങ്ങള്‍ കളിക്കാന്‍ മാത്രമല്ല പുതിയവ നിര്‍മ്മിക്കാനും ഇതില്‍ സൌകര്യമുണ്ട്. 1500 - 2000 പേര്‍ ദിനേന മഷിത്തണ്ട് ഉപയോഗിക്കുന്നുവെന്നാണ് ഗൂഗിളിന്റെ കണക്ക്. അഡ്രസ്സ്. http://dictionary.mashithantu.com/

 


www.malayalamweb.info